English| മലയാളം

ചരിത്രം

മുനിസിപ്പാലിറ്റി രൂപീകരിച്ച തീയതി/വര്‍ഷം  1908
പ്രാക് ചരിത്രം
 തമിഴ് മലയാള സംസ്കാരത്തിന്റെ സങ്കരമാണ് ചിറ്റൂര്‍ തത്തമംഗലം പ്രദേശം. ഈ പ്രദേശത്ത് അതിന്റേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ആഘോഷങ്ങളും പുലര്‍ന്നു പോരുന്നു. വടമലയും തെന്മലയും തീര്‍ക്കുന്ന പാലക്കാടന്‍ ചുരത്തിലൂടെ ചിറ്റൂരിന് ഉണ്ടാവാന്‍ ഇടയുള്ള കൊങ്ങ രാജാക്കന്മാരുടെ ആക്രമണങ്ങളെ ചെറുക്കാനായി അന്നത്തെ നാട്ടുരാജാക്കന്മാര്‍ നായര്‍ പടയാളികളുടെ ക്യാമ്പുകള്‍ ഉണ്ടാക്കി അവയെ അതാത് പ്രദേശത്തെ നായര്‍ പ്രധാനികളെ ഏല്‍പ്പിച്ചിരിന്നു. ഇവര്‍ക്ക് കുളിക്കാന്‍ കുളവും ആരാധിക്കാന്‍ കുളക്കരയില്‍ ഒരു പരദേവതാ പ്രതിഷ്ഠയും രാജാവ് ഉണ്ടാക്കി നല്‍കിയിരുന്നു.

സ്ഥലനാമോല്‍പത്തി
 ശിറു ഊര് പറഞ്ഞുപറഞ്ഞ് ശിത്തൂരും, തുടര്‍ന്ന് ചിറ്റൂരും ആയതാകണം, തമിഴ് ഭാഷയില്‍ ചിറ്റൂരിന് ചെറിയഗ്രാമം എന്നാണ് അര്‍ത്ഥം. തത്തമംഗലം, മംഗളമുണ്ടാകാന്‍ വേണ്ടി ബ്രാഹ്മണ അഗ്രഹാരങ്ങള്‍ക്കായി ദത്തമായതാവണം. ദത്തന്‍ എന്നു പേരുള്ള ഒരു ബ്രാഹ്മണ ഭട്ട് സ്ഥാപിച്ച അഗ്രഹാരങ്ങള്‍ ചേര്‍ന്നതാണ് തത്തമംഗലം.
സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍
വാണിജ്യ-ഗതാഗത പ്രാധാന്യം: ഈ നഗരസഭയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ശ്രീ മീനാക്ഷി ടൈല്‍ വര്‍ക്സ് എന്ന സ്ഥാപനം ഇപ്പോള്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. മുന്‍കാലങ്ങളില്‍ ഇവിടെ വന്‍തോതില്‍ ഓട് നിര്‍മ്മിച്ച് വ്യാപാരം നടത്തി വന്നിരുന്നു. പരമ്പരാഗത വ്യവസായങ്ങളായ കൈത്തറി നെയ്ത്ത്, പുല്‍പ്പായ നെയ്ത്ത്, കുട്ട, വട്ടി, പനമ്പ് നെയ്ത്ത്, ഇഷ്ടിക തുടങ്ങിയവയുടെ നിര്‍മ്മാണവും ഓട്ട് പാത്രനിര്‍മ്മാണവും, കളിമണ്‍ പാത്രനിര്‍മ്മാണവും ഇവിടെ ചെയ്തുവരുന്നു.
പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികള്‍

ചിറ്റൂര്‍ തത്തമംഗലം നഗരസഭാ പ്രവര്‍ത്തനം ആരംഭിച്ചത് 1908 -ലായിരുന്നു എന്നും 'സാനിട്ടറി ബോര്‍ഡാണ്' ഭരണം നടത്തിയിരുന്നതെന്നും രേഖകളില്‍ കാണുന്നുണ്ട്. 1910 ല്‍ കൊച്ചിന്‍ ഗവണ്മെന്റ് നിയമനിര്‍മ്മാണത്തിലൂടെ ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ഒരു 'ടൌണ്‍ കൌണ്‍സില്‍' എന്ന നിലയ്ക്ക് രൂപപ്പെടുത്തി. 1918 ല്‍ നോമിനേറ്റഡ് അംഗങ്ങളും, തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുമടങ്ങുന്ന ഭരണ സമിതി രൂപീകരിച്ചു. 1921 ല്‍ കൊച്ചിന്‍ മുനിസിപ്പല്‍ റഗുലേഷന്‍ നിലവില്‍ വന്നതോടെ മൂന്ന് ഔദ്യോഗിക നോമിനുകളും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധകളുമടങ്ങുന്ന കൌണ്‍സില്‍ അധികാരത്തില്‍ വന്നു. തുടര്‍ന്ന് 1938 ല്‍ പാസാക്കപ്പെട്ട കൊച്ചിന്‍ മുനിസിപ്പല്‍ ആക്ട് പ്രകാരം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ മാത്രമടങ്ങുന്ന ഭരണം വന്നു. 1952 ലെ കൊച്ചിന്‍ മുനിസിപ്പല്‍ ആക്ട് ഭേദഗതിമൂലം തെരഞ്ഞെടുപ്പ് പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തി തുടങ്ങി. കൊല്ലവര്‍ഷം 1113 ഇടവം 29 ന് ഈ നഗരസഭയെ പരീക്ഷണാര്‍ത്ഥം ചിറ്റൂര്‍ എന്നും തത്തമംഗലം എന്നും രണ്ടു നഗരസഭകളാക്കി വേര്‍തിരിക്കുകയും ഒമ്പതുവര്‍ഷത്തിനു ശേഷം 1947 ഒക്ടോബര്‍ 1 ന് ചിറ്റൂര്‍-തത്തമംഗലം എന്ന സംയോജന നഗരസഭയാക്കി രൂപാന്തരപ്പെടുത്തുകയും ചെയ്തു. ആദ്യ ചെയര്‍മാന്‍ അമ്പാട്ട് ഈച്ചരമേനോനായിരുന്നു.